അത്തപ്പൂക്കളങ്ങൾ എന്നെ പഠിപ്പിച്ചത്
കുട്ടിക്കാലം മുതൽ തന്നെ വിഷുവും ഓണവും എന്നെ ഒത്തിരി മോഹിപ്പിച്ചിരുന്നു. സദ്യയെക്കാളും കോടിയുടുപ്പുകളെക്കാളും ഒരു പക്ഷെ പൂത്തിരിയെക്കാളും എന്നെ എന്നും ഈ ആഘോഷങ്ങളോടു അടുപ്പിച്ചിരുന്നതു നിറങ്ങളും പൂക്കളും ആയിരുന്നു. കൊന്നമരത്തിനെ മൂടിനിൽക്കുന്ന മഞ്ഞപ്പൂക്കൾ മാത്രം മതി എൻ്റെ പുതുവർഷത്തെ ഐശ്വര്യപൂർണമാക്കാൻ.. ഓണപ്പരീക്ഷയുടെ ഓട്ടപ്പാച്ചിലിനിടക്കും പറമ്പായ പറമ്പെല്ലാം അരിച്ചു പെറുക്കിയും അയലോക്കത്തെല്ലാം കേറിയിറങ്ങിയും ഒപ്പിക്കുന്ന പൂക്കൾ മുറ്റത്തോ പെരുംമഴയത്താണെങ്കിൽ ഉമ്മറത്തോ ഇടുന്ന എന്നെയും ചേച്ചിയെയും എനിക്കിന്നും ഓർത്തെടുക്കാം.തുമ്പയും കാക്കാപ്പൂവും മുക്കുറ്റിയും ഒക്കെ ഓർമപ്പൂക്കളത്തിൽ വിരിയുന്ന തലമുറകളുടെ അവസാനകണ്ണികൾ ആയിരുന്നിരിക്കാം ഞങ്ങൾ. സ്വന്തക്കാരുടെ വിടപിരിയലുകൾ നമ്മിൽ നിന്ന് അകറ്റുന്നത് ഒരാണ്ടിലെ ആഘോഷങ്ങളെ കൂടെയാണെന്നു എൻ്റെ കുഞ്ഞുമനസ്സിനെ ബോധ്യപ്പെടുത്താൻ അന്നൊക്കെ അച്ഛന് ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നു. ഓണക്കാലത്തെ പൂക്കളമില്ലാത്ത മുറ്റം ഒരു നൊമ്പരം തന്നെയായിരുന്നു, പ്രിയപ്പെട്ടവരുടെ അഭാവം ശൂന്യമാക്കുന്ന ജീവിതങ്ങളെ പോലെ.
കാലങ്ങൾക്കിപ്പുറം മറുനാട്ടിലും ഓണം എന്നാൽ എനിക്ക് ആദ്യം അത്തം തൊട്ടുള്ള പത്തു ദിവസത്തെ പൂക്കളങ്ങൾ തന്നെയാണ്.. നാട്ടിലെ പൂക്കളെ ഗൃഹാതുരത്വത്തോടെ ഓർക്കുമെങ്കിലും കർണാടകയുടെ സ്വന്തം മല്ലികയും ജമന്തിയും എനിക്കൊപ്പം എന്നും ഉണ്ട് . ഒന്നാം ഓണത്തിൻ്റെയും തിരുവോണത്തിൻ്റെയും വലിയ പൂക്കളങ്ങളെക്കാൾ എനിക്കിഷ്ടം ആദ്യത്തെ എട്ടു ദിവസത്തെ കുഞ്ഞുപൂക്കളങ്ങൾ ആണ്. ഒരു പൂക്കളമത്സരത്തിനുമല്ലാതെ എനിക്കായി എൻ്റെ പ്രിയപ്പെട്ടവർക്കായി എൻ്റെ കയ്യിലൊതുങ്ങുന്ന എൻ്റെ വിരൽ തുമ്പിൽ വിരിയുന്ന എൻ്റെ സ്വന്തം ഭാവനകൾ. തിരുവോണത്തോടെ പിരിഞ്ഞു പോകുന്ന പൂക്കളെ മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ചെറുതായെങ്കിലും ചേർത്ത് നിർത്തി തലോടിയാണ് ഞാൻ പറഞ്ഞയക്കാറ്. അടുത്ത ആണ്ടിലേക്കായുള്ള കാത്തിരിപ്പോടെ..ഇപ്പോൾ ഞാൻ ഒറ്റക്കല്ല, എൻ്റെ മകൾക്കും ഇതേ ആവേശമാണ് ഓണപൂക്കളോടു ..
ഈ കുഞ്ഞുപൂക്കളങ്ങൾ വൈകുന്നേരത്തോടെ കൊഴിഞ്ഞുപോകുന്ന വെറും ഓർമ്മകൾ അല്ല എനിക്ക്.. പലതും പറഞ്ഞും പഠിപ്പിച്ചും തരുന്നുണ്ട് അവർ. കുറച്ചൊക്കെ ഞാനിവിടെ കുറിക്കാൻ ശ്രമിക്കട്ടെ. പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളെയും ഈ കുഞ്ഞുപൂക്കളങ്ങൾ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതിവിടെ കുറിക്കണേ ..
- പൂക്കൾ കൂടുന്തോറും കൂടുതൽ നല്ല പൂക്കളം ഉണ്ടാക്കാമെന്നു യാതൊരു ഉറപ്പുമില്ല ,മറിച്ചു കൂടുതൽ ആശയക്കുഴപ്പത്തിലാക്കും. അളവിലല്ല കാര്യം ,ആശയത്തിലാണ്.
- ഇല്ലായ്മകളെ പുതിയ അവസരമായി കാണുക. ഭാവനയ്ക്കും ആശയങ്ങൾക്കും മറികടക്കാൻ ആവാത്തതായി ഒന്നുമില്ല.
- ഒരേ നിറങ്ങളും ഒരേ പൂക്കളും എന്നും കണ്ടു വിരസത തോന്നുന്നുവെങ്കിൽ , ഒന്നു പ്രകൃതിയിലേക്ക് തിരിഞ്ഞു നോക്കു.. ഒരു സാധാരണ പച്ചിലക്കു പോലും പൂക്കളത്തിൽ പുത്തൻ ഉണർവ് നല്കാൻ കഴിയും. പ്രകൃതിയിലെ ഓരോ കണികയിലും ആരോ പണ്ടേ രചിച്ചു വെച്ച പല പൂക്കളങ്ങളും കാണാം , നമുക്കു പകർത്താം.
- തുടക്കം നന്നാവണം, ഓരോന്നും നന്നായി ഒതുക്കിഒരുക്കിയിട്ടേ അടുത്ത വട്ടത്തിലേക്കു കടക്കാവൂ. അല്ലെങ്കിൽ എല്ലാം കൈ വിട്ടു പോകും..വേറൊന്നും തട്ടിമറിക്കാതെ ആദ്യത്തെ കളം ശരിയാക്കാൻ നമുക്കാവില്ല.
- കണ്ടു ശീലിച്ച കളങ്ങളെല്ലാം മറന്നു ശൂന്യതയിൽ നിന്നും തുടങ്ങുന്നതും നല്ലതാണ് . ഭാവനയുടെ ഒഴുക്കിനനുസരിച്ചു നീങ്ങുമ്പോൾ നമ്മൾ നമ്മളെ തന്നെ അത്ഭുതപ്പെടുത്തും, തീർച്ച!
- നമുക്കു തൃപ്തി തോന്നുമ്പോൾ നിർത്തുന്നതാണ് നല്ലതു . പൂക്കൾ ബാക്കിയുണ്ടെന്നോ സ്ഥലം ശേഷിക്കുന്നുണ്ടെന്നോ ഓർത്തു നീങ്ങിയാൽ കളം കുളമാകാനാണു സാധ്യത.
- പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെക്കുക . എന്നും ഏറ്റവും നല്ല കളം തന്നെയാവണം എന്നില്ല, നാളെ ഇനിയും ബാക്കിയുണ്ടല്ലോ വേറെ ചെയ്തു നോക്കാൻ.
- പൂക്കൾ ഹൃദയം പോലെയാണ് ,ഒരിക്കൽ പിച്ചിച്ചീന്തിയാൽ തിരികെയാക്കാൻ കഴിയില്ല.
- കണ്ടു ശീലിച്ച വൃത്തങ്ങളും മറ്റു പരമ്പരാഗത കളങ്ങളും വിട്ടു നൂതന ആശയങ്ങളും ചെയ്തു നോക്കാം. ആർക്കറിയാം,അവ ചിലപ്പോൾ അതിശയാവഹമായ മാറ്റങ്ങൾ നിങ്ങളുടെ കളത്തിൽ കൊണ്ടുവന്നേക്കാം
- കുട്ടികളുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക ,നമ്മുടെ വിശ്വാസങ്ങൾ അതിൽ കലർത്താതെ മാറി നിന്നു നോക്കിക്കാണാം . പുതിയൊരു വീക്ഷണകോൺ തന്നെ അവതരിപ്പിച്ചു അവർ നമ്മളെ സ്തബ്ദരാക്കും.




Good start, Mrudula!!
ReplyDeleteThank you Prasoon
Delete