Posts

Showing posts from January, 2026

ഞാനില്ലേ കൂടെ

അറിയുന്നുവോ സഖീ നിൻ അശ്രുവാൽ  ഉരുകിയൊലിക്കുമെൻ ദേഹിയെ ! പാതിവഴിയിൽ പണിമുടക്കിയതിൽ  സ്വയം പഴിച്ചിടുമെൻ  ഹൃദയത്തെ ! നിൻ മിഴിനീരൊപ്പാനാവാതെ  തളരുമീ  കരതലങ്ങളെ !    എന്നും എപ്പോളും കൂടെയില്ലേ എന്നു  മൊഴിയാനാവാത്തൊരീ  അധരങ്ങളെ ! കരഞ്ഞു നീ തളരവേ നിനക്ക്  താങ്ങാകാൻ അശക്തമീ ചുമലുകളെ ! അറിയുക സഖീ , നിൻ നിഴലായ്  അനുയാത്ര ചെയ്യുമെൻ സ്നേഹം.  മുന്നേറുക സഖീ ,നാമൊന്നിച്ചു മെനഞ്ഞ സ്വപ്‌നങ്ങൾ  പൂവണിയിക്കാൻ . പറഞ്ഞു തീർക്കാതെ പോയ പരിഭവങ്ങൾ കേൾക്കാൻ  ഞാനില്ലേ കൂടെ . പുലരിയിൽ ഇളംകാറ്റായ്  നിൻ മുടിത്തുമ്പിലെ പൂവായ്  സന്ധ്യയിൽ നിഴലായ്  ഇരുളിൽ നിലാവായ്  നിദ്രയിൽ കിനാവായ് ....  ഞാനില്ലേ കൂടെ .