അത്തപ്പൂക്കളങ്ങൾ എന്നെ പഠിപ്പിച്ചത്
കുട്ടിക്കാലം മുതൽ തന്നെ വിഷുവും ഓണവും എന്നെ ഒത്തിരി മോഹിപ്പിച്ചിരുന്നു. സദ്യയെക്കാളും കോടിയുടുപ്പുകളെക്കാളും ഒരു പക്ഷെ പൂത്തിരിയെക്കാളും എന്നെ എന്നും ഈ ആഘോഷങ്ങളോടു അടുപ്പിച്ചിരുന്നതു നിറങ്ങളും പൂക്കളും ആയിരുന്നു. കൊന്നമരത്തിനെ മൂടിനിൽക്കുന്ന മഞ്ഞപ്പൂക്കൾ മാത്രം മതി എൻ്റെ പുതുവർഷത്തെ ഐശ്വര്യപൂർണമാക്കാൻ.. ഓണപ്പരീക്ഷയുടെ ഓട്ടപ്പാച്ചിലിനിടക്കും പറമ്പായ പറമ്പെല്ലാം അരിച്ചു പെറുക്കിയും അയലോക്കത്തെല്ലാം കേറിയിറങ്ങിയും ഒപ്പിക്കുന്ന പൂക്കൾ മുറ്റത്തോ പെരുംമഴയത്താണെങ്കിൽ ഉമ്മറത്തോ ഇടുന്ന എന്നെയും ചേച്ചിയെയും എനിക്കിന്നും ഓർത്തെടുക്കാം.തുമ്പയും കാക്കാപ്പൂവും മുക്കുറ്റിയും ഒക്കെ ഓർമപ്പൂക്കളത്തിൽ വിരിയുന്ന തലമുറകളുടെ അവസാനകണ്ണികൾ ആയിരുന്നിരിക്കാം ഞങ്ങൾ. സ്വന്തക്കാരുടെ വിടപിരിയലുകൾ നമ്മിൽ നിന്ന് അകറ്റുന്നത് ഒരാണ്ടിലെ ആഘോഷങ്ങളെ കൂടെയാണെന്നു എൻ്റെ കുഞ്ഞുമനസ്സിനെ ബോധ്യപ്പെടുത്താൻ അന്നൊക്കെ അച്ഛന് ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നു. ഓണക്കാലത്തെ പൂക്കളമില്ലാത്ത മുറ്റം ഒരു നൊമ്പരം തന്നെയായിരുന്നു, പ്രിയപ്...